യുവാവിനെ മർദ്ദിച്ച് അവശനാക്കി പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടി തൂക്കി; ക്രൂരതയ്ക്ക് കാരണം കടം വാങ്ങിയ തുക തിരികെ നൽകാൻ വൈകിയത്
പോത്തൻകോട്: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്.ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റ്യാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.