വനിതാ എസ് ഐയ്ക്ക് അടി, പൊലീസുകാർക്ക് കടി,എന്നിട്ടും അടങ്ങാതെ നന്ദൻ; പിടികൂടിയത് സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ
കൊല്ലം: ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ, പന്നിമൺ തൊടിയിൽ പുത്തൻ വീട്ടിൽ നന്ദനാണ് (50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതി കടിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി വനിതാ എസ് ഐയെ അടിക്കുകയും ചെയ്തു. ശേഷം പൊലീസ് ജീപ്പിൽ കയറിയിട്ടും ഇയാൾ അടങ്ങിയിട്ടുണ്ടായിരുന്നില്ല.പന്നിമൺ ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നന്ദൻ സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതി ഉയർന്നത്. വിവരമറിഞ്ഞ് പിടികൂടാനെത്തിയ വനിതാ എസ് ഐ ശ്യാമളയ്ക്കും സംഘത്തിനും നേരെ നന്ദൻ തിരിയുകയായിരുന്നു. എസ് ഐയെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച ശേഷം കസ്റ്റഡിയിലെടുത്തിട്ടും ഇയാൾ അടങ്ങിയില്ല. പിന്നീട് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വച്ചും പൊലീസ് സംഘത്തെ ആക്രമിക്കാൻ നന്ദൻ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.