ബെംഗളൂരു: ഉള്ളിവില കൂടുമ്ബോള്‍ കരയുന്നത് സാധാരണക്കാരനാണ്. എന്നാല്‍ ഉള്ളിവില കൂടുമ്ബോള്‍ കര്ഷകന് അത് അനുഗ്രഹവുമാണ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയ്ക്ക് 20 ഏക്കര്‍ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികള്‍. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാര്‍ജുന ആശങ്കയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഒരുമാസംകൊണ്ട് ലാഭം കൊയ്യുകയായിരുന്നു.
ബാങ്കില്‍ നിന്ന് 15 ലക്ഷം ആണ് മല്ലികാര്‍ജുന വായ്പയെടുത്തത്. 20 ഏക്കറില്‍നിന്ന് 240 ടണ്‍ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയില്‍ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാല്‍ അഞ്ചുമുതല്‍ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാര്‍ജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തില്‍ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയര്‍ന്നു. ഉള്ളിവില്‍പ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാര്‍ജുന പറയുന്നു.
ചെറുപ്പം മുതല്‍ കൃഷിക്കാരനായ മല്ലികാര്‍ജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. 20 ഏക്കര്‍ കൃഷിസ്ഥലത്ത് 50 പേരെയാണ് ജോലിക്ക് നിര്‍ത്തിയത്. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളില്‍ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി. ജലസേചന സൗകര്യമില്ലാത്തതിനാല്‍ കുഴല്‍കിണര്‍ കുഴിച്ചാണ് വെള്ളം കണ്ടെത്തിയത്.