പലരും പറഞ്ഞിട്ടും കേൾക്കാൻ തോന്നിയില്ല, ജീവൻ ഭിക്ഷതന്നയാൾ പറഞ്ഞതുകൊണ്ട് മാത്രം തീരുമാനം മാറ്റുന്നുവെന്ന് വാവ സുരേഷ്
തിരുവനന്തപുരം: വാവ സുരേഷിന് വീടുവയ്ക്കാനുള്ള ധാരണപത്രം ഒപ്പിട്ടു കഴിഞ്ഞു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. വാവ സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിർമ്മിക്കുകയെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.അതേസമയം, പണ്ട് പലരും വീട് നിർമ്മിച്ച് തരാമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെങ്കിലും താൻ അത് നിരസിക്കുകയായിരുന്നുവെന്ന് വാവ പറഞ്ഞു. ഇപ്പോൾ തീരുമാനം മാറ്റിയതിന് പിന്നിലെ കാരണവും കൗമുദി ടിവിയോട് അദ്ദേഹം വ്യക്തമാക്കി.’മന്ത്രി വാസവൻ സാർ വീടുവച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. ചെന്നൈയിൽ ഹോട്ടൽ നടത്തുന്ന ഒരാൾ ഫണ്ട് നൽകാമെന്നാണ് പറഞ്ഞിട്ടുണ്ട്. പണ്ട് പലരും വീടുവച്ച് തരാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വാസവൻ സാറിന്റെ വാക്കുകൾ കേൾക്കുകയാണ്. ജീവൻ ഭിക്ഷ തന്നയാൾ പറഞ്ഞതുകൊണ്ടു മാത്രമാണ് തീരുമാനം മാറ്റുന്നത്’- വാവ സുരേഷിന്റെ വാക്കുകൾ.