ആരോഗ്യ പ്രശ്നങ്ങളുണ്ട്; നാളെ ഇഡിയ്ക്ക് മുന്നിൽ ഹാജരാകാനാവില്ലെന്ന് സ്വപ്ന
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസിന് മറുപടിയുമായി സ്വപ്ന സുരേഷ്. ആരോഗ്യ പ്രശ്നങ്ങളുളളതിനാൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന ഇഡിയെ അറിയിച്ചത്. പകരം ഫെബ്രുവരി 15ന് എത്താമെന്നും സ്വപ്ന ഇ.ഡിയെ അറിയിച്ചു.തന്റെവെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിക്കുന്നതിനോട് പൂർണമായും സഹകരിക്കുമെന്നാണ് മുൻപ് സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ ഇമെയിലിന് തകരാറുളളതിനാൽ മാദ്ധ്യമങ്ങൾ പറഞ്ഞാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരമറിഞ്ഞതെന്നും സ്വപ്ന പ്രതികരിച്ചിരുന്നു.താനും കുറ്റം ചുമത്തപ്പെട്ടയാളാണ് എന്നതിനാൽ സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണ ഏജൻസികളുമായും ജുഡീഷ്യറിയുമായും സഹകരിക്കുമെന്ന് സ്വപ്ന അറിയിച്ചിരുന്നു. ആത്മഹത്യയോ അല്ലെങ്കിൽ ആക്രമിക്കപ്പെടുമെന്നോ അതുമല്ലെങ്കിൽ ജയിൽ എന്ന സ്ഥിതിയിൽ നിൽക്കുന്നയാളാണ് താൻ. അങ്ങനെയുളള തനിക്ക് മറ്റൊന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും സ്വപ്ന പ്രതികരിച്ചു.ശിവശങ്കറിന്റെ പുസ്തകത്തിൽ തെറ്റായ കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നത്. അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും കസ്റ്റഡിയിൽ ഇരുന്നസമയം പുറത്തുവന്ന ശബ്ദരേഖയ്ക്ക് പിന്നിൽ ശിവശങ്കർ ആണോയെന്ന കാര്യം അറിയില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.