മംഗളുരു : ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വാദം കേൾക്കാൻ തുടങ്ങിയതിന് കർണാടകയിൽ ഹിജാബ് പ്രക്ഷോഭം അക്രമാസക്തമായിത്തീർന്നു, സംസ്ഥാനത്ത് പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിൽ വ്യപകമായി കല്ലേറും ലാത്തിച്ചാർജും റിപ്പോർട്ട് ചെയ്യപ്പെട്ടു. കല്ലേറിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി അറിയുന്നു
വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് കർണാടക പോലീസ് ലാത്തിച്ചാർജ് നടത്തി. ശിവമോഗയിലെ ബാപ്പുജിനഗർ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ജനക്കൂട്ടത്തെ അടിച്ചമർത്താൻ വിദ്യാർത്ഥികളെയും പ്രതിഷേധക്കാർക്ക് നേരെയും പോലീസ് ലാത്തിവീശി. ഹിജാബ് ധരിച്ച വിദ്യാർത്ഥികളും മറ്റൊരു കൂട്ടം വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കല്ലേറുണ്ടായതെന്ന് പോലീസ് പറഞ്ഞു. പോലീസ് സൂപ്രണ്ട് ലക്ഷ്മിപ്രസാദും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ബാഗൽകോട്ടിലെ റബകവിബനഹട്ടിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ രണ്ട് സംഘങ്ങൾ പരസ്പരം കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഘർഷം രൂക്ഷമായതോടെ കോളേജ് മാനേജ്മെന്റ് കോളേജിന് അവധി പ്രഖ്യാപിച്ചു.
ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ ‘അല്ലാ ഹോ അക്ബർ’ മുദ്രാവാക്യങ്ങളും ഹിന്ദു വിദ്യാർത്ഥികൾ ‘ജയ് ശ്രീറാം’ മുദ്രാവാക്യവും ഉയർത്തിയതോടെ മാണ്ഡ്യ പിഇഎസ് കോളേജിലും പ്രതിഷേധം ഗുരുതരമായി. ചിക്കമംഗളൂരുവിലെ ഐഡിഎസ്ജി കോളേജിലും ഹിജാബ് പ്രതിഷേധം ആരംഭിച്ചു .
വിജയപുര ജില്ലയിലെ ശാന്തേശ്വർ പ്രീ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഇൻഡി ടൗണിന്റെ പ്രവേശന കവാടത്തിലാണ് ഹിജാബും കാവി ഷാളും ധരിച്ച വിദ്യാർത്ഥികളെയും തടഞ്ഞത്. തുടർന്ന് വിദ്യാർഥികൾ കോളേജിന് മുന്നിൽ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചു. ഇതിനിടെ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ച് നീല ഷാളുമായി മറ്റൊരു സംഘം വന്നതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു