ഹൂക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഉടൻ മരണം സംഭവിക്കുമായിരുന്നു, എന്തുകൊണ്ട് കൈകൊണ്ട് പാമ്പിനെ പിടിക്കുന്നുവെന്ന് വാവ സുരേഷ്
കൈകൊണ്ട് പാമ്പിനെ പിടിച്ചതു കൊണ്ടാണ് കടിയേറ്റതെന്ന പ്രചാരണം വാവ സുരേഷ് തള്ളി . കുറിച്ചിയിൽ പാമ്പിനെ പിടിച്ചപ്പോൾ ശാസ്ത്രീയമായ പാമ്പുപിടിത്തത്തിന് ഉപയോഗിക്കണമെന്ന് ഇപ്പോൾ ചിലർ പറയുന്ന ഹുക്ക് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ വയറിന് കടിയേറ്റേനേ. എങ്കിൽ മരണം ഉടൻ സംഭവിക്കുമായിരുന്നു. പാമ്പ് പിടിത്തതിൽ ഒരു സുരക്ഷിതത്വവുമില്ല. എത്ര മുൻ കരുതൽ എടുത്താലും എപ്പോൾ വേണമെങ്കിലും കടിയേൽക്കാം. മുറിവിലെ വിഷം ഞെക്കി കളഞ്ഞ ശേഷം കടിയേറ്റ ഭാഗത്തിന് മുകളിൽ തുണികൊണ്ട് മുറുക്കെ കെട്ടി പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. വിദഗ്ദ്ധ ചികിത്സ സമയത്ത് ലഭിച്ചാൽ രക്ഷപെടാം. ഇതിനപ്പുറം ഒരു സുരക്ഷയുമില്ല.പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി മടങ്ങുന്നത് കാണാനായി ആശുപത്രി പരിസരത്ത് ഇന്നലെ രാവിലെ മുതൽ നൂറ് കണക്കിനാളുകൾ കാത്തുനിന്നിരുന്നു. പത്തരയോടെ മന്ത്രി വി.എൻ വാസവനും എത്തി.
11 മണിക്ക് വാവയെ ഡിസ്ചാർജ് ചെയ്തെങ്കിലും. മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് പുറത്തേക്കിറക്കിയത്. മന്ത്രിയുടേയും ആശുപത്രിയധികൃതരുടെയും അകമ്പടിയോടെ അദ്ദേഹം അത്യാഹിത വിഭാഗത്തിന്റെ മുൻവശത്ത് വന്നപ്പോൾ പരിസരം ജനനിബിഡമായി. ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും ഉന്തും തള്ളുമായി. പൊലീസും സെക്യൂരിറ്റി ഗാർഡുകളും പരമാവധി ശ്രമിച്ചിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല.പുറപ്പെടും മുൻപ് കുറച്ചി വാണിയപ്പുരയ്ക്കൽ വീട്ടിലെ നിജു വാവയുടെ നെറ്റിയിൽ കൈനടി കരുമാത്ര ക്ഷേത്രത്തിലെ ഭസ്മം ചാർത്തി. 11. 45 ഒാടെ അദ്ദേഹം കാറിൽ വീട്ടിലെക്ക് മടങ്ങി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, ഡോ. സംഗമിത്ര, ആർ.എം.ഒ ആർ.പി രഞ്ചൻ, നവജീവൻ ട്രസ്റ്റി പി.യു തോമസ് എന്നിവരും യാത്രയാക്കാൻ എത്തിയിരുന്നു.