വധ ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്ദ പരിശോധന പൂർത്തിയായി, സാമ്പിളുകൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ശബ്ദ പരിശോധന പൂർത്തിയായി. ശബ്ദ പരിശോധന പൂർത്തിയായെന്നും, സാമ്പിളുകൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ അറിയിച്ചു.ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി ശബ്ദ സാമ്പിളുകൾ നൽകിയിരുന്നു. ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ ചിത്രാഞ്ജലിയിലെത്തിയത്.വധ ഗൂഢാലോചന കേസിലെ നിർണായക തെളിവായിട്ടാണ് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖയെ കാണുന്നത്. ഇതിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടരന്വേഷണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുക.ശബ്ദരേഖയിലെ ശബ്ദം തങ്ങളുടേതല്ലെന്ന് പ്രതികൾ ഇതുവരെ പറഞ്ഞിട്ടില്ല.