കാസർകോട്: ജില്ലയില്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൈവശമുള്ള എന്‍ഡോസള്‍ഫാന്‍ കീടനാശിനി പടന്നക്കാട് കാര്‍ഷിക കോളേജിലെത്തിച്ച് നിര്‍വീര്യമാക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പടന്നക്കാട് കാര്‍ഷീക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്.സുരേഷ് അറിയിച്ചു.എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള പ്രൊപ്പോസല്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ലബോറട്ടറി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കീടനാശിനി നിര്‍വീര്യമാക്കുന്നതിനുള്ള ഒരു ശാസ്ത്രീയമായ പ്രൊട്ടോക്കോള്‍ തയ്യാറാക്കുകയും അത് യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സര്‍വ്വകലാശാലയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ അതിനുവേണ്ട സാങ്കേതികസഹായം നല്കാന് തയ്യാറാണെന്നും അറിയിച്ചിരുന്നു. കീടനാശിനി നിര്‍വീര്യമാക്കുന്നതിന് കാര്‍ഷിക കോളേജില്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ഡോ. പി.ആര്.സുരേഷ് പറഞ്ഞു.. ജില്ലാ ഭരണകൂടവും പ്ലാന്റേഷന് കോര്‍പ്പറേഷനും നിര്‍ദ്ദേശിക്കുന്ന സുരക്ഷിതമായ സ്ഥലത്ത് കീടനാശിനി നിര്‍വീര്യമാക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് മാത്രമാണ് സെല്‍ യോഗത്തില്‍ അറിയിച്ചതെന്ന് അസോസിയേറ്റ് ഡീന്‍ പറഞ്ഞു.