കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു; സംഭവം തലസ്ഥാന ജില്ലയിൽ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ (50) ആണ് തൂങ്ങി മരിച്ചത്. മൂന്ന് ദിവസമായി നെടുമങ്ങാട് ആശുപത്രിയിലെ സിഎഫ്എൽടിസിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.കടുത്ത പ്രമേഹരോഗിയായ ജോൺ കാലിൽ മുറിവുമായാണ് എത്തിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്.ജനറൽ വാർഡിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചതെങ്കിലും ഒരു മുറി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ പരിശോധനയ്ക്ക് നഴ്സുമാർ എത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജോൺ എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.