ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതി മൊഴി നൽകാൻ എത്തി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി നൽകിയ യുവതി മൊഴി നൽകാൻ എത്തി. എറണാകുളം എളമക്കര സ്റ്റേഷനിലെത്തിയാണ് യുവതി മൊഴി നൽകുന്നത്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി. പത്ത് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വച്ച് ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.2011 ഡിസംബറിൽ തൃശൂരിലെ ഹോട്ടലിൽ വച്ച് പരിചയപ്പെട്ട സിനിമാ പ്രവർത്തകനിൽ നിന്നുമാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പർ ലഭിച്ചത്. ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോൾ അവസരം നൽകാമെന്ന് അറിയിച്ചു. തുടർന്ന് കൊച്ചിയിൽ ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങൾ പ്രചരിക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം പരാതി നൽകാതിരുന്നത്. നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളിൽ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നാണ് യുവതി വ്യക്തമാക്കിയത്.