വരാൻ പോകുന്നത് അതിഭീമമായ വിലക്കയറ്റത്തിന്റെ നാളുകൾ? തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്ത് വില വർദ്ധിക്കുന്നത് ഇതിനൊക്കെ
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ ജനങ്ങളെ കാത്തിരിക്കുന്നത് വൻവിലക്കയറ്റമാണെന്ന് റിപ്പോർട്ടുകൾ.പെട്രോൾ, ഡീസൽ വില കാര്യമായി വർദ്ധിക്കുന്നതാണ് പ്രധാന കാരണം. അന്താരാഷ്ട്ര വിപണയിൽ അസംസ്കൃത എണ്ണവില ബാരലിന് 94 ഡോളർ പിന്നിട്ടതോടെയാണ് രാജ്യത്തും വില വർദ്ധനവ് ഉറപ്പായത്.ഡിസംബറിൽ ബാരലിന് 69 ഡോളറായിരുന്നു. ഒമിക്രോൺ രൂക്ഷമായതോടെയാണ് നവംബറിലെ വിലനിലവാരമായ 81 ഡോളർ താഴ്ന്ന് അറുപതിലേക്ക് എത്തിയത്. എന്നാൽ മൂന്നാം തരംഗം കാര്യമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവില വീണ്ടും കുതിക്കാൻ തുടങ്ങിയത്. നവംബറിന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ബാരലിന് 15 ശതമാനത്തോളം വർദ്ധനവുണ്ടായതായി വ്യക്തമാകും.കഴിഞ്ഞ മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കാര്യമായി വർദ്ധിക്കുമ്പോൾ അതിന്റെ ചുവട് പിടിച്ച് രാജ്യത്തും വർദ്ധനവുണ്ടാകും. സംസ്ഥാനങ്ങളിലെ തിരിഞ്ഞെടുപ്പ് കഴിയുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.കൂടാതെ, യുക്രെയിൻ റഷ്യ സംഘർഷവും അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുതിക്കാൻ ഇടയാക്കിയിട്ടുണ്ട്. ചരക്കു നീക്കത്തിന് കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നതോടെ സാധനങ്ങളുടെ വിലയിലും ആനുപാതികമായി കുതിപ്പുണ്ടാകും. വരാനിരിക്കുന്നത് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് വിലക്കയറ്റത്തിന്റെ നാളുകളായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.