ശ്രദ്ധേയമായ കേസുകൾ നിരവധി, ദിലീപിനും ഫ്രാങ്കോയ്ക്കും മാത്രമല്ല രാമൻപിള്ള രക്ഷകനായിട്ടുള്ളത്: കൊവിഡ് കാലത്ത് സർക്കാർവരെ പിള്ളയെ ആശ്രയിച്ചു
കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള ദിലീപിന്റെ കേസിലേക്ക് എത്തുന്നത് അഞ്ചു വർഷം മുമ്പാണ്. 2017 ആഗസ്റ്റ് നാലിന്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിന്റെ ജാമ്യ ഹർജിയിൽ സീനിയർ അഭിഭാഷകനായ കെ. രാംകുമാറിന് പകരമായിരുന്നു രംഗപ്രവേശം. അന്നു മുതൽ വിചാരണക്കോടതിയിലുൾപ്പെടെ രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ഹാജരായതും ഇദ്ദേഹമായിരുന്നു. വിചാരണക്കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത് അടുത്തിടെയാണ്. കേരളത്തിലെ ശ്രദ്ധേയമായ പല ക്രിമിനൽ കേസുകളിലും രാമൻപിള്ള പ്രതിഭാഗം വക്കീലായിരുന്നു. ഒന്നാം കൊവിഡ് കാലത്ത് ലോക്ഡൗൺ നിർദ്ദേശങ്ങൾക്ക് രൂപം നൽകാൻ സർക്കാർ നിയോഗിച്ച പതിനേഴംഗ കമ്മിറ്റിയിലും അംഗമായിരുന്നു.വിധിയെ കുറിച്ച് രാമൻപിള്ളഹൈക്കോടതിയെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചു. ഇതുവരെയുള്ള തെളിവുകളെല്ലാം പരിശോധിച്ച് യാതൊരു കുറ്റങ്ങളും നിലനിൽക്കുന്നതല്ലെന്ന് ബോദ്ധ്യപ്പെട്ടാണ് സിംഗിൾബെഞ്ച് ദിലീപിന് മുൻകൂർ ജാമ്യം നൽകിയത്. യാതൊരു വാസ്തവവുമില്ലാതെ കെട്ടിച്ചമച്ച കേസാണിത്. ഗൂഢോദ്ദേശ്യത്തോടെ മുൻ അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ളവർ ചേർന്ന് ഉണ്ടാക്കിയ കഥയാണിത്. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാൻ അറസ്റ്റായിരുന്നു അവരുടെ ലക്ഷ്യം. കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി തന്നെ പറയുന്നുണ്ട്.”