ഹരിദ്വാറിൽ കണ്ട ആ സ്വാമി തന്നെയാണോ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്; പഴയ കേസിൽ വീണ്ടും അന്വേഷണമാരംഭിച്ച് ക്രൈംബ്രാഞ്ച്
ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായി വീണ്ടും അന്വേഷണം ഊർജിതമാക്കി പൊലീസ്. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന പുതിയ വെളിപ്പെടുത്തൽ വന്നതോടെയാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസി ഇസ്മയിലാണ് സുകുമാരക്കുറുപ്പിനെ കണ്ടതായി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അദ്ദേഹം പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.ഗുജറാത്തിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് അവിടത്തെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി എന്ന സ്വാമിയെ കാണുന്നതും പരിചയപ്പെടുന്നതും. പത്രങ്ങളിൽ നിന്നും സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങൾ കണ്ടതോടെ സംശയം തോന്നിയ അദ്ദേഹം അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അതിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ലെന്നാണ് റെൻസി പറയുന്നത്.അടുത്തിടെ ഹരിദ്വാറിൽ നിന്നുള്ള ഒരു ബ്ലോഗ് കണ്ടതോടൊണ് വീണ്ടും സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്. കാഷായവേഷത്തിൽ, നരച്ച താടിയും രുദ്രാക്ഷമാലയും ധരിച്ചുള്ള രൂപത്തിലാണ് സുകുമാരക്കുറുപ്പിനെ കണ്ടതെന്ന് റെൻസി പറയുന്നു. എന്തായാലും ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തന്നെയാണ് പൊലീസിന്റെ നീക്കം.