ഞായർ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും; കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യം ഇന്നറിയാം
തിരുവനന്തപുരം: കൊവിഡ് അവലോകനയോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരും. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യവും ഇന്ന് ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാനും സാദ്ധ്യതയുണ്ട്. നിലവിൽ നിയന്ത്രണത്തിനായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടികയിലും മാറ്റം വന്നേക്കും.നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഇല്ലാത്തതിനാൽ തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തീയേറ്ററുകൾ അടച്ചിടാനുള്ള സർക്കാരിന്റെ ഉത്തരവിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാറുകൾക്കും റസ്റ്റോറന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണ് തീയേറ്ററുകൾക്കുള്ളതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ഇതിനുളള മറുപടി ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.