എനിക്ക് ദു:ഖവും സന്തോഷവുമില്ല, ശക്തനായ പ്രതി പുറത്തുനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും; പ്രതികരിച്ച് ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ. തനിക്ക് ദു:ഖവും സന്തോഷവുമില്ലെന്നും, ശക്തനായ പ്രതി പുറത്തുനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുൻകൂർ ജാമ്യത്തിന് നടപടി ക്രമം വഴി സാവകാശം നൽകിയത് പ്രതിക്ക് ഗുണമായെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതാണ് കീഴ്വഴക്കം, അങ്ങനെ ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപടക്കമുള്ളവർ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്നായിരുന്നു സംവിധായകന്റെ ആരോപണം.ജസ്റ്റിസ് പി ഗോപിനാഥ് ആണ് ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം തുടങ്ങിയ കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിക്കും.