വധ ഗൂഢാലോചന കേസിൽ ദിലീപിന് ആശ്വാസം, നടനും കൂട്ടുപ്രതികൾക്കും ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം, പ്രോസിക്യൂഷൻ സുപ്രീം കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. എന്നാൽ വിധി വന്നതോടെ ഇവർ സ്ഥലംവിട്ടു. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ ഉടൻതന്നെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വധഗൂഢാലോചനക്കേസില്‍ ദിലീപിനും കൂട്ടുപ്രതികൾക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. ദിലീപ് ആയിരുന്നു ഒന്നാം പ്രതി. തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദരേഖകൾ മിമിക്രിയാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.എന്നാൽ ദിലീപിനെതിരായ ആരോപണങ്ങള്‍ ഏറെ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു.