കാസർകോട്: ജില്ലാതല ബീച്ച് ഗെയിംസ് ഡിസംബര്‍ 24, 25 തീയതികളില്‍ പള്ളിക്കര ബീച്ചില്‍ നടക്കും . ബീച്ച് ഗെയിംസ് ജില്ലയുടെ ടൂറിസം രംഗത്ത് വന്‍ സാധ്യതകള്‍ തുറക്കുന്ന കായിക മേളയായി മാറ്റുന്നതിന് ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ സംഘാടക സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അഭ്യര്‍ത്ഥിച്ചു.പള്ളിക്കര ബീച്ചിലെ സംഘാടക സമിതി ഓഫീസില്‍ ചേര്‍ന്ന ഗെയിംസ് ജില്ലാതലസംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍ ബീച്ച് ഗെയിംസ് ജനകീയവും വര്ണാഭവുമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. 23 ന് വിളംബര ജാഥ സംഘടിപ്പിക്കും. മഞ്ചേശ്വരം, കാലിക്കടവ് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ജാഥകള്‍ പള്ളിക്കര ബീച്ചില്‍ വൈകീട്ട് സമാപിക്കും. 24 ന് ജില്ലാതല ഉദ്ഘാടനം നടക്കും. ഫുട്ബോള്‍, വോളിബോള്‍, വടംവലി, കബഡി എന്നീ ഇനങ്ങളിലാണ് മത്സരം. 22 ന് രാവിലെ 10 ന് ബീച്ച് ഗെയിംസ് സംഘാടക സമിതി ഓഫീസില്‍ ഉപസമിതി ഭാരവാഹികളുടെ യോഗം ചേരുമെന്ന് കളക്ടര്‍ പറഞ്ഞു.
ഗെയിംസിന്റെ മുന്നോടിയായി കെ എസ് ടി പി റോഡില്‍ നിന്നും ബീച്ചിലേക്കുള്ള റോഡ് അറ്റകുറ്റപണി നടത്തി നവീകരിക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. ബീച്ചില്‍ പോലീസ് ആവശ്യമായ ബന്തവസ് ഏര്‍പ്പെടുത്തും. അഗ്നിശമന രക്ഷാ സേന സുരക്ഷാ സംവിധാനങ്ങളൊരുക്കും.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, യൂത്ത് ക്ലബ്ബുകള്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സംഘാടനത്തില്‍ പങ്കാളികളാകും കര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഒരുക്കുന്നതിനും തീരുമാനിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദലി പളളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. അബ്ദുള്‍ ലത്തീഫ് സംസ്ഥാന യുവജന കമ്മീഷന് അംഗം കെ.മണികണ്ഠന്, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സില്‍ വൈസ്പ്രസിഡണ്ട് പി പി അശോകന് മാസ്റ്റര്‍, ഗെയിംസ് കോ-ഓര്‍ഡിനേറ്റര്‍ നാരായണന് പള്ളം, എസിക്യൂട്ടിവ് അംഗം അനില്‍ ബങ്കളം, പി.രഘുനാഥ്, ജയന് വെള്ളിക്കോത്ത്, പി.വി.സുരേശന്, ഹിറ്റ്ലര്‍ കെ ജോര്‍ജ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു