കൊവിഡ് മൂന്നാം തരംഗത്തിൽ ആശങ്കയായി മരണനിരക്ക്; 37 ദിവസത്തിനിടെ 2107 മരണം
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിൽ ആശങ്കയായി മരണനിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് നവജാത ശിശുക്കൾ അടക്കം ഒൻപത് കുട്ടികളും മരിച്ചു.മറച്ചുവച്ച മരണം കൂടി പുറത്തുവരുമ്പോൾ പട്ടിക അനുദിനം വലുതാവുകയാണ്. രണ്ടാം തരംഗത്തിൽ പ്രതിദിനം 522 മരണം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 58,255 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.ഇന്നലെ 26,729 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും, സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 378 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.