എന്നും കരച്ചില്, സിസിടിവിയില്‍ കുടുങ്ങി; കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച യുവതി പിടിയില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച യുവതി കസ്റ്റഡിയില്‍. കുഞ്ഞുങ്ങളെ പരിചരിക്കാനായി വന്ന സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സൂറത്തിലെ രന്ദേര്‍ പാലന്പുരിൽ താമസിക്കുന്ന മിതേഷ് പട്ടേലിന്റെ കുഞ്ഞിനെയാണ് യുവതി നിരന്തരം മര്‍ദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മിതേഷും ഭാര്യയും ജോലിക്കാരായതിനാലാണ് ഇവരുടെ കുഞ്ഞുങ്ങളെ പരിചരിക്കാനായി കോമളിനെ വീട്ടില്‍ നിര്‍ത്തിയത്. അടുത്തിടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പതിവായി കുഞ്ഞുങ്ങളുടെ കരച്ചില് കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതോടെ കോമളിനെ സംശയിച്ച ദമ്പതിമാര്‍ ഇവരറിയാതെ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്.
കുഞ്ഞിന്റെ തലയില്‍ അടിക്കുന്നതിന്റെയും മുടി പിടിച്ച് തിരിക്കുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. ഇതോടെ മിതേഷ് പട്ടേല്‍ പോലീസില്‍ പരാതി നല്‍കുകയും യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മൂന്ന് മാസം മുമ്പാണ് കോമള്‍ ജോലിക്കായി എത്തിയതെന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ കലാബന് പട്ടേലും പറഞ്ഞു. ആദ്യനാളുകളില്‍ യുവതി കുഞ്ഞുങ്ങളെ നന്നായി പരിചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി കുഞ്ഞുങ്ങള്‍ വല്ലാതെ കരയാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇതോടെയാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്നും ഇവര്‍ പ്രതികരിച്ചു.
വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസും അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് കുട്ടികളില്ലെന്നും പോലീസ് പറഞ്ഞു.