രാജ്യത്തിലെ ഏറ്റവും വിലയേറിയ കാറിന്റെ ഉടമയായി മുകേഷ് അംബാനി; പുതിയ റോൾസ് റോയ്സ് ഹാച്ച്ബാക്കിന്റെ വില കേട്ടാൽ ആരുമൊന്ന് കണ്ണുതളളിപ്പോകും
രാജ്യത്തെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന് തന്നെ രാജ്യത്തെ ഏറ്റവും വിലയേറിയ കാർ സ്വന്തമായി. അതെ റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയുടെ പുതിയ കാറിന്റെ വിവരമാണ് പറഞ്ഞുവരുന്നത്. അൾട്രാ ലക്ഷ്വറി കാറായ റോൾസ് റോയിസിന്റെ പുതിയ ഹാച്ച്ബാക്ക് അംബാനി സ്വന്തമാക്കിയത് 13.14 കോടി രൂപയ്ക്കാണ്.ആർടിഒ അധികൃതർ നൽകുന്ന വിവരമനുസരിച്ച് രാജ്യത്തെ കാർ വിൽപനയിൽ ഏറ്റവുമധികം തുക ചിലവഴിച്ചത് ഈ കാറിനാണ്. ദക്ഷിണ മുംബയിലെ താർഡിയോ മേഖലാ ട്രാൻസ്പോർട് ഓഫീസിലാണ് റോൾസ് റോയിസ് കളളിനൻ പെട്രോൾ മോഡൽ രജിസ്റ്റർ ചെയ്തത്.റോൾസ് റോയിസ് 2018ലാണ് കളളിനാൻ പുറത്തിറക്കിയത് . ബേസ് മോഡലിന് 6.95 കോടിയാണ് വില. പിന്നീട് കസ്റ്റമൈസ് ചെയ്യുമ്പോൾ വില അതിനനുസരിച്ച് വർദ്ധിക്കും. 2.5 ടൺ ഭാരമുളള 12 സിലിണ്ടർ കാറാണിത്. ‘ടസ്കൺ സൺ’ കളറിലുളള കാറാണ് അംബാനി സ്വന്തമാക്കിയത്.2037 ജനുവരി 30 വരെയാണ് കാറിന്റെ രജിസ്ട്രേഷൻ കാലാവധി. 20 ലക്ഷം രൂപയാണ് ഒറ്റതവണ നികുതിയായി റിലയൻസ് ഇൻഡസ്ട്രീസ് കാറിന് അടച്ചത്. റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചു. വിഐപി നമ്പറിനായി 12 ലക്ഷം രൂപ അടച്ചു. 0001 ആണ് നമ്പർ. നിലവിലെ നമ്പർ സിരീസിൽ ഈ നമ്പർ കഴിഞ്ഞതിനാൽ അടുത്ത സിരീസിലെ ഒന്നാമത് വണ്ടിയാണ് അംബാനിക്ക് ലഭിക്കുക. ഇതിന് സാധാരണ അടക്കുന്നതിന്റെ മൂന്നിരട്ടി തുക നൽകണം. ഈ തുകയടച്ചാണ് വിഐപി നമ്പർ അംബാനി സ്വന്തമാക്കിയത്.എല്ലാ പ്രതലത്തിലും ഒരുപോലെ എളുപ്പം കൊണ്ടുനടക്കാവുന്ന എസ്യുവിയാണ് കളളിനാൻ. തങ്ങളുടെ സുരക്ഷയ്ക്കുളള പൊലീസുകാർക്ക് എംജി ഗ്ലോസ്റ്ററിന് പുറമെ ബിഎംഡബ്ളുവിന്റെ പുതിയ വാഹനവും അംബാനി നൽകിയിട്ടുണ്ട്.