മൂന്നാം കൊവിഡ് തരംഗം മാർച്ചോടെ കുറയുമെന്ന് ഐസിഎംആർ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ മാസം തന്നെ രോഗികളുടെ എണ്ണം കുത്തനെ താഴുമെന്ന് ശുഭസൂചന
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം കൊടുമ്പിരി കൊണ്ടുനിൽക്കുകയാണിപ്പോൾ. എന്നാൽ വൈകാതെ തന്നെ ഈ ഘട്ടം അവസാനിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. മാർച്ച് മാസത്തോടെ കേസുകൾ കുത്തനെ കുറഞ്ഞുതുടങ്ങും. നിലവിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഉൾപ്പടെ കൊവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് ഇനിയും കുറയുമെന്ന് ഐസിഎംആറിലെ വിദഗ്ദ്ധർ പറയുന്നു.ഈ സംസ്ഥാനങ്ങളിലെ രോഗംബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 14.35 ലക്ഷമാണ് രാജ്യത്തെ നിലവിലെ ആക്ടീവ് കേസ് ലോഡ്. മഹാരാഷ്ട്രയിലും ഡൽഹിയിലും ബംഗാളിലും മൂന്നാം തരംഗം ഉയർന്ന് നിൽക്കുന്ന ഘട്ടം കഴിഞ്ഞതായി ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സമീരൻ പാണ്ഡ പറഞ്ഞു.മഹാരാഷ്ട്രയിൽ 48,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ചില നഗരങ്ങളിൽ ഇപ്പോൾ 15,000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് മാസം രണ്ടാം ആഴ്ചയോടെ ഇത് പ്രതിദിന കണക്കിൽ 10,000ൽ താഴെയാകും. മൂന്നാം തരംഗത്തിൽ രാജ്യത്തെ യുവാക്കളാണ് ഏറെയും രോഗബാധിതരായത്. ഇവരിൽ രോഗലക്ഷണങ്ങൾ താരതമ്യേന കുറവുമായിരുന്നു. എന്നാൽ മരണവും ഉയർന്നുതന്നെ നിന്നിരുന്നതായാണ് വിദഗ്ദ്ധർ കണ്ടെത്തിയത്.