സിൽവർലൈൻ; തത്ത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ല
ന്യൂഡൽഹി : സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.
പദ്ധതിപ്രദേശത്തെ അന്തിമസർവേ, ഭൂവിനിയോഗ രൂപരേഖ, പദ്ധതിക്കുള്ള അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വ്യക്തമാക്കിയത്. തത്ത്വത്തിൽ അംഗീകാരം എന്നാൽ, ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്നും പ്രാഥമിക തയ്യാറെടുപ്പുകൾക്കുള്ള അനുമതിയാണെന്നും വിശദീകരിച്ചു. ബി.ജെ.പി. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും തുടർന്ന് ട്വിറ്ററിലുമായാണ് റെയിൽവേ മന്ത്രി കേന്ദ്രത്തിന്റെ നിലപാടറിയിച്ചത്.
ഡി.എം.ആർ.സി. മുൻ മാനേജിങ് ഡയറക്ടർ ഇ. ശ്രീധരൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരാണ് വെള്ളിയാഴ്ച റെയിൽവേ മന്ത്രിയെ കണ്ടത്. പതിനായിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതി നശിപ്പിച്ചും സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ സാങ്കേതികപ്രശ്നങ്ങൾ ഇ. ശ്രീധരൻ വിശദീകരിച്ചു. സംസ്ഥാനസർക്കാർ സമർപ്പിച്ച വിശദപദ്ധതിരേഖ (ഡി.പി.ആർ.) അശാസ്ത്രീയവും അപൂർണവുമാണ്. നിലവിലുള്ള രീതിയിൽ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ പറഞ്ഞു.
ഡി.പി.ആർ. അപൂർണമാണെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നും മന്ത്രി തങ്ങളോട് വ്യക്തമാക്കിയതായി പിന്നീട് പത്രസമ്മേളനത്തിൽ ബി.ജെ.പി. നേതാക്കൾ പറഞ്ഞു. തത്ത്വത്തിൽ അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകളെന്താണെന്ന് റെയിൽവേ വകുപ്പ് കേരളത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. തത്ത്വത്തിൽ അംഗീകാരം എന്നാൽ, പദ്ധതിക്ക് അംഗീകാരം നൽകിയെന്നോ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നോ അർഥമില്ല. സാമ്പത്തിക ഇടപാടുകളില്ലാത്ത പ്രാഥമിക തയ്യാറെടുപ്പുകൾ നടത്താമെന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ മന്ത്രിമാർക്ക് ഇക്കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ ധനവകുപ്പിന്റെയും റെയിൽവേവകുപ്പിന്റെയും ഇതുസംബന്ധിച്ച വിശദീകരണങ്ങൾ വായിച്ചുനോക്കണം. പദ്ധതി അനുവദിക്കാൻ പറ്റുമെന്നോ പറ്റില്ലെന്നോ പറയണമെങ്കിൽ പൂർണമായ ഡി.പി.ആർ. ലഭിക്കണമെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.
അടിയന്തരമായി സർവേ നടപടികൾ സംസ്ഥാനസർക്കാർ നിർത്തിവെക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
റെയിൽവേ മന്ത്രി പറഞ്ഞത്:
-പദ്ധതിപ്രദേശത്തെ അന്തിമസർവേ, ഭൂവിനിയോഗ രൂപരേഖ, പദ്ധതിക്കുള്ള അനുമതി എന്നിവയില്ലാതെ ഭൂമി ഏറ്റെടുക്കാനാകില്ല.
-കുടിയൊഴിപ്പിക്കൽ, പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവ ആശങ്കാജനകം.
-വിശദപദ്ധതിരേഖ അപൂർണം.
ഇപ്പോള് ഭൂമി ഏറ്റെടുക്കേണ്ടാ: കേന്ദ്രം
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ വിശദപദ്ധതിരേഖയിൽ (ഡി.പി.ആർ.) കൂടുതൽ പരിശോധന ആവശ്യമാണെന്നും അതിനാൽ നിലവിൽ ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. സംസ്ഥാനസർക്കാരിൽനിന്ന് ഡി.പി.ആറിൽ കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പദ്ധതിയുടെ പ്രാഥമികനടപടികൾക്ക് കേന്ദ്രസർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരമുണ്ടെന്നും കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ടെന്നും സംസ്ഥാനസർക്കാർ കോടതിയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹികാഘാത പഠനത്തിനുള്ള സർവേയാണ് നടത്തുന്നത്.
കെ-റെയിലിനുവേണ്ടി സർവേ നടത്തുന്നതിനെതിരേ നൽകിയ ഒരുകൂട്ടം ഹർജികളിൽ ഹർജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നതു തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വാദം പൂർത്തിയായതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി വിധിപറയാൻ മാറ്റി. സർവേ തുടരാൻ അനുവദിക്കണമോ എന്നതിലായിരിക്കും കോടതിയുടെ തീരുമാനമുണ്ടാകുക.
ഡി.പി.ആർ. അംഗീകരിക്കാൻ ഒട്ടേറെ നടപടിക്രമങ്ങൾ ഉണ്ടെന്നാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു വാദിച്ചത്. കേരളത്തിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരായി.
കേന്ദ്രം പറഞ്ഞത്
* ഡി.പി.ആറിന് ആദ്യം റെയിൽവേ ബോർഡ് അംഗീകാരം നൽകണം. ശേഷം നിതി ആയോഗിന്റെ അംഗീകാരത്തിനുവിടണം. പിന്നീട് ധനമന്ത്രാലയം, പ്ലാനിങ് ആൻഡ് ഇംപ്ലിമെന്റേഷൻ മന്ത്രാലയം, റെയിൽവേ ബോർഡ്, നിതി ആയോഗ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട എക്സ്റ്റഡ് റെയിൽവേ ബോർഡിന്റെ പരിശോധനവേണം. അവരുടെയും അംഗീകാരം കിട്ടിയശേഷം റെയിൽവേ മന്ത്രിയുടെ അംഗീകാരത്തോടെ ധനമന്ത്രിക്കു കൈമാറും.
* പിന്നീട് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചശേഷമേ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചെന്ന് പറയാനാവൂ.
* പദ്ധതിയുടെ കടബാധ്യത റെയിൽവേക്കും ബാധകമാകുമെന്നതും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
* റെയിൽവേയുടെ സ്ഥലത്ത് കെ-റെയിലിന്റെ സർവേക്കല്ലുകൾ സ്ഥാപിക്കാനാകില്ല. മറ്റു പഠനങ്ങൾ നടത്തുന്നതിൽ എതിർപ്പില്ല.
* പ്രാഥമിക അനുമതി ഡി.പി.ആർ. തയ്യാറാക്കാനാണ് നൽകിയിരിക്കുന്നത്. ഇതിന്റെപേരിൽ സ്ഥലം ഏറ്റെടുക്കൽവരെ നടത്താമെന്ന സംസ്ഥാനസർക്കാർ നിലപാട് തെറ്റാണ്.
* അലൈൻമെന്റ് അംഗീകരിക്കുംമുമ്പ് സ്ഥലം ഏറ്റെടുക്കലുമായി പോകുന്നതിൽ കാര്യമില്ലെന്നായിരുന്നു റെയിൽവേയുടെ നിലപാട്. പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷൻ വികസനത്തിനു തടസ്സമാണ്. ഒട്ടേറെ മതസ്ഥാപനങ്ങളും തകർക്കേണ്ടിവരും.
കേരളം പറയുന്നത്
* ഇപ്പോൾ നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ നാല് അനുസരിച്ചുള്ള സാമൂഹികാഘാത പഠനമാണ്.
* പ്രാഥമിക പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ട്. ഇതുപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയുമുണ്ട്.