ഐഫോൺ നൽകി ഐഎഎസ് ഓഫീസറെ എങ്ങനെ ചതിക്കാനാവുമെന്ന് സ്വപ്ന; ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് മൂന്ന് വർഷം ജീവിച്ചതെന്നും വെളിപ്പെടുത്തൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ തന്റെ പേഴ്സണൽ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ്. തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ഇങ്ങനെ പുസ്തകത്തിൽ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സ്വപ്ന വെളിപ്പെടുത്തി.ജന്മദിന സമ്മാനമായി ശിവശങ്കറിന് നൽകിയത് ഐഫോൺ അല്ലെന്നും അത് കോൺസൽ ജനറൽ ശിവശങ്കറിന് സമ്മാനിക്കാനായി തന്നെ ഏൽപ്പിച്ചതാണ് ഐഫോണെന്നും സ്വപ്ന പറഞ്ഞു. തന്റെ സ്വന്തം പണംകൊടുത്ത് വാങ്ങിയ സമ്മാനങ്ങളാണ് ജന്മദിനത്തിനും മറ്റും സമ്മാനമായി നൽകിയത്. ഒരുപാട് സമ്മാനങ്ങൾ ശിവശങ്കറിന് നൽകിയിട്ടുണ്ടെന്നും പിറന്നാൾ സമ്മാനമാണെങ്കിൽ ഏറെദിവസം വീട്ടിൽ അത് സൂക്ഷിക്കുമായിരുന്നില്ലെന്നും സ്വപ്ന പറഞ്ഞു.പെട്ടെന്ന് ശിവശങ്കറിനെതിരെ പ്രതികരിക്കേണ്ടി വന്നത് പുസ്തകം കാരണമുളള പ്രകോപനമാണെന്ന് സമ്മതിച്ച സ്വപ്ന ഇങ്ങനെ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ ശിവശങ്കറിനെ അക്കാര്യം താൻ അറിയിച്ചു. അപ്പോൾ ഇടപെടില്ലെന്നല്ല വഴിയെ അത് കിട്ടുമെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും സ്വപ്ന പറഞ്ഞു.താൻ ഒളിവിൽ പോയതല്ലെന്നും കേസ് ഭയന്ന് ബംഗളൂരുവിലേക്ക് പോയതാണെന്നും പോകും വഴി ശിവശങ്കറിനോട് സംസാരിച്ചതായും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കറും സരിത്തും ഉൾപ്പടെ പറഞ്ഞതനുസരിച്ചാണ് താൻ ബംഗളൂരുവിലേക്ക് പോയതെന്നും സ്വപ്ന പറഞ്ഞു.