216 അടി ഉയരത്തിൽ രാമാനുജ പ്രതിമ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: ആത്മീയാചാര്യനായ ശ്രീരാമാനുജാചാര്യരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച 216 അടി ഉയരമുള്ള ‘സ്റ്റാച്യു ഒഫ് ഇക്വാളിറ്റി’ ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഹൈദരാബാദിൽ നിന്നും 40കിലോമീറ്റർ അകലെയുള്ള രാമനഗറിലെ രാമാനുചാര്യ ക്ഷേത്രത്തിലാണ് ഈ പ്രതിമ പണികഴിപ്പിച്ചിരിക്കുന്നത്. ആയിരം കോടി രൂപ ചെലവിലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്.സ്വർണ്ണം, വെള്ളി, ചെമ്പ്, താമ്രം, സിങ്ക് എന്നീ അഞ്ച് ലോഹങ്ങളുടെ സംയോജനമായ ‘പഞ്ചലോഹ’ കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളിൽ ഒന്നാണ് ‘സ്റ്റാച്യു ഒഫ് ഇക്വാളിറ്റി’ . ‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54അടി ഉയരമുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പുരാതന ഗ്രന്ഥൾങ്ങക്കായുള്ള ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, ഒരു തീയേറ്റർ എന്നിവയാണ് ഈ കെട്ടിടത്തിൽ ഉള്ളത്. ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്ന ജീയർ സ്വാമിയാണ് ഈ പ്രതിമ നിർമിക്കുന്നതിനുള്ള ആശയം കൊണ്ടുവന്നത്.വിശ്വാസം, ജാതി, മതം എന്നിവയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രീരാമാനുജാചാര്യ അക്ഷീണം പ്രയത്നിച്ചിരുന്നു. അദ്ദേഹത്തിന്റെ 1000 ജന്മവാർഷികത്തിന്റെ 12 ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രതിമയുടെ ഉദ്ഘാടനം. പരിപാടിയിൽ ശ്രീരാമാനുജാചാര്യരുടെ ജീവിതയാത്രയെ കുറിച്ചുള്ള 3ഡി അവതരണം പ്രദർശിപ്പിക്കും. കഴിഞ്ഞ ദിവസം തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറും ഡിജിപി എം മഹേന്ദർ റെഡ്ഡിയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ അവലോകനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.