മുൻകൂർ ജാമ്യഹർജി; പ്രോസിക്യൂഷൻ രേഖാമൂലം നൽകിയ വാദങ്ങൾക്ക് ദിലീപ് ഇന്ന് മറുപടി നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രോസിക്യൂഷൻ രേഖാമൂലം നൽകിയ വാദങ്ങൾക്ക് ദിലീപ് ഇന്ന് മറുപടി നൽകും. പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന വാദത്തിന് പിന്നാലെ കൈവശമുള്ള തെളിവുകൾ പ്രോസിക്യൂഷൻ എഴുതി നൽകിയിരുന്നു.പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തിൽ യാതൊരു റോളുമില്ല.ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല. പ്രതി ക്വട്ടേഷൻ നൽകിയത് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ്. നിയമനിർമ്മാതാക്കൾ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.ഇക്കാര്യത്തിൽ തങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന് പ്രതിഭാഗം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾക്കുള്ള മറുപടിയാണ് പ്രതിഭാഗം എഴുതി നൽകുക. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് പറയുന്ന കള്ളം പ്രോസിക്യൂഷൻ ഏറ്റുപറയുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. കെ. രാമൻപിള്ള വാദിച്ചു.അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10.15നാണ് പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഉത്തരവ് പറയുക. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്.
Send a message