മംഗളൂരു: പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം നിർബന്ധിപ്പിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. പി യു കോളേജിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു. മംഗ്ളുരു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന, ഭർത്താവ് സിദ്ദീഖ്, ആയിശ എന്നിവരെയാണ് പണ്ഡേശ്വർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്എംആർ ലിയാന അപാർട്മെന്റിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ കോളജ് വിദ്യാർത്ഥിനികളെ വശീകരിച്ചും പ്രായപൂർത്തിയാകാത്ത മറ്റു പെൺകുട്ടികളെ ബ്ലാക്മെയിൽ തന്ത്രങ്ങൾ ഉപയോഗിച്ചും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 17 വയസുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇരയായ വിദ്യാർത്ഥിനികളിൽ ഒരാൾ തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നുവെന്ന് പരാതിപ്പെട്ട് പി യു കോളജ് പ്രിൻസിപലിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായതെന്ന് സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ പറഞ്ഞു.
‘കോളജ് പ്രിൻസിപ്പൽ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം ഇരകൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്ന് അത്താവറിലെ വാടകവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോളജ് പ്രിൻസിപലിനെ അറിയിച്ചതിനെ തുടർന്ന് റാക്കെറ്റിന്റെ ഭാഗമായി തുടരാൻ പെൺകുട്ടി വിസമ്മതിച്ചു.
എന്നാൽ സഹകരിക്കാൻ വിസമ്മതിച്ചാൽ തന്റെ ചില വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. കാസർകോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവരുടെ ഇടപടുകാർ ആയിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാർക്ക് സ്ത്രീകളെ എത്തിക്കുന്നത്. കൂടുതൽ വിദ്യാർത്ഥിനികൾ ഉൾപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്’ – പൊലീസ് കമീഷണർ കൂട്ടിച്ചേർത്തു.
ഇടപാടുകാരിൽ ചിലരെ ഹണി ട്രാപിൽ കുടുക്കിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.