ദിലീപിന്റെ ചരിത്രം പരിശോധിക്കണം, ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണെന്നും പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വാദം തുടങ്ങി. ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ രാമൻപ്പിള്ള നടത്തിയ ശക്തമായ വാദങ്ങളെ തെളിവുകൾ നിരത്തി ഖണ്ഡിക്കാനാണ് പ്രോസിക്യൂഷൻ്റെ ശ്രമം. അസാധാരണ കേസാണിതെന്നും ഇപ്പോൾ കോടതിയുടെ മുന്നിലുള്ള കേസ് മാത്രമല്ല പരിഗണിക്കേണ്ടതെന്നും പ്രതിയുടെ ചരിത്രം പരിശോധിക്കണമെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡി ജി പി) കോടതിയിൽ പറഞ്ഞു.പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തിൽ യാതൊരു റോളുമില്ല.ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല. പ്രതി ക്വട്ടേഷൻ നൽകിയത് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ്. നിയമനിർമ്മാതാക്കൾ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് തുടർ അന്വേഷണം പ്രഖ്യാപിച്ചത്. എ ഡി ജി പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ പ്രോസിക്യൂഷന് ഭയമില്ല. കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനിൽക്കില്ല.ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാലചന്ദ്രകുമാർ വിശ്വസ്തനായ ഒരു സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഢാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം എന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ പറഞ്ഞു.ബാലചന്ദ്രകുമാർ കണ്ടും കേട്ടതുമായ കാര്യങ്ങൾ മനസിൽവയ്ക്കുകയല്ല. കണ്ടറിഞ്ഞ കാര്യങ്ങളെല്ലാം അയാൾ ഭാര്യയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങൾ പുറത്തു പോയാൽ നമ്മളെയെല്ലാം ദിലീപ് കൊല്ലുമെന്ന് ഭയപ്പെടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ചെയ്തതെന്ന് അയാളുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ മൊഴികൊണ്ടുമാത്രം പ്രതിയെ ശിക്ഷിക്കാനാവുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിന് തെളിവായി സുപ്രീംകോടതിയുടെ ഉത്തരവുകളും ഡി ജി പി കോടതിയിൽ വാദിച്ചു.ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്.