അസാധാരണ കേസ്, പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ, മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം തുടങ്ങി. അസാധാരണ കേസാണിതെന്നും ഇപ്പോൾ കോടതിയുടെ മുന്നിലുള്ള കേസ് മാത്രമല്ല പരിഗണിക്കേണ്ടതെന്നും പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കണമെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നിയമനിർമ്മതാക്കൾ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.കേസിൽ തന്നെ കുടുക്കാൻ ഡി.ജി.പി ബി.സന്ധ്യ മുതൽ അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് വരെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വധഗൂഢാലോചന കേസെന്നതുൾപ്പടെ ശക്തമായ വാദങ്ങളാണ് പ്രതികളുടെ അഭിഭാഷകർ ഇന്നലെ കോടതിയിൽ ഉയർത്തിയത്.ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്.