കുട്ടികളേയും രണ്ടാം ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; 30കാരി കൊല്ലത്ത് അറസ്റ്റില്‍
കൊല്ലം: ഒന്‍പതും അഞ്ചും വയസ്സുള്ള സ്വന്തം കുട്ടികളെയും രണ്ടാം ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ചിന്നു (30) ആണ് പിടിയിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചിന്നുവിനെ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ് രണ്ടും. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഇവര്‍ പുനലൂര്‍ സ്വദേശിയായ മറ്റൊരാളെ വിവാഹം ചെയ്തത്.
ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് ഭര്‍ത്താവ്. ഇതിനിടെയാണ് സോഷ്യല്‍ മീഡിയ വഴി ഒരു വര്‍ഷം മുന്‍പ് പാലക്കാട് സ്വദേശിയായ യുവാവുമായി പരിചയപ്പെട്ട ശേഷം പ്രണയത്തിലായത്. ഇയാളും ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്. കാമുകന്റെ അമ്മയും സഹോദരനുമാണ് ചിന്നുവിനെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയതെന്ന് പുനലൂര്‍ പോലീസ് അറിയിച്ചു. ഇവരോടൊപ്പം ചിന്നു പോയ വിവരം കുട്ടികളുടെ മുത്തച്ഛനാണ് പോലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂര്‍ മണ്ണൂത്തിയില്‍ വെച്ച് പിടികൂടുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കുട്ടികള്‍ക്കൊപ്പം പോകാന്‍ നിര്‍ദേശിച്ചെങ്കിലും ചിന്നും അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴും തനിക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണ്ടെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നും യുവതി ആവര്‍ത്തിച്ചു.
ഇതോടെയാണ് സംരക്ഷണത്തിലുള്ള കുട്ടികളെ ഉപേക്ഷിച്ചതിന് ജെജെ ആക്ട് പ്രകാരം പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലാണ് ചിന്നു ഇപ്പോള്‍.