സംസ്ഥാനത്ത് സ്കൂളുകള്‍ 14 മുതല്‍ തുറക്കും, കോളേജുകള്‍ ഏഴ് മുതലും, തീരുമാനം കൊവിഡ് കുറയുന്നതിനാൽ
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം വ്യാപകമായതിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 14 മുതലും കോളേജുകൾ ഏഴാം തീയതി മുതലും തുറക്കും. അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്. എന്നാൽ,കൊവിഡ് വ്യാപനം ശമിക്കാത്തതിനാൽ ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതർ നൽകുന്ന സൂചന.അതേസമയം, കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിലും മരണം രേഖപ്പെടുത്തുന്നതിലുള്ള വീഴ്ച്ചയിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിമർശനമുയർത്തിയിട്ടുണ്ട്.രാജ്യത്തെ ആകെ കേസുകളിൽ 24.68 ശതമാനവും കേരളത്തിലാണ്. മൂന്നാഴ്ച്ചയ്ക്കിടെ കേരളത്തിലെ ടി.പി.ആർ 13.3 ശതമാനത്തിൽ നിന്ന് 47 ആയാണ് ഉയർന്നത്. കേരളത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളെയും ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു.
കൊവിഡ് ബാധമൂലമുണ്ടായ മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ച്ച സംഭവിച്ചു. 2021 ഒക്ടോബർ മുതൽ രേഖപ്പെടുത്താത്ത 24,730 മരണങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. കേസുകൾ കൂടുതലുണ്ടായിരുന്ന മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിലും കേസുകൾ കുറഞ്ഞു. ജനുവരി 26 ന് 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 406 ജില്ലകളുണ്ടായിരുന്നത് 297 ജില്ലകളായി കുറഞ്ഞെന്നും ലവ് അഗർവാൾ പറഞ്ഞു.