സ്വന്തം ചെലവിൽ വണ്ടി പഴയതുപോലെ ആക്കി ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് മാത്രമല്ല 12 ലക്ഷം ബോണ്ടും കെട്ടിവയ്ക്കണം: ഇ ബുൾജെറ്റിനോട് കോടതി
കൊച്ചി: വിവാദമായ ഇ ബുൾ ജെറ്റ് കേസിൽ താൽക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ഇത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നീക്കം ചെയ്ത് തിരികെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവായത്.ഉടമയുടെ സ്വന്തം ചെലവിൽ അനധികൃത ഫിറ്റിംഗുകൾ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമർപ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടിൽ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.