വിദ്യാർഥികൾ തമ്മിൽ സംഘർഷം; കണ്ടു നിന്ന യുവാവ് കത്തി വീശി, വീഡിയോ പ്രചരിച്ചതോടെ പരാതി
മലപ്പുറം:വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിവീശി യുവാവ്. വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. മേല്‍മുറിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ ഇടപെട്ടാണ് യുവാവ് കത്തിയെടുത്തത്.
വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രോശവുമായി അരയില്‍ തിരുകിയ കത്തി പുറത്തെടുത്തു വീശുന്നതും കയ്യേറ്റം ചെയ്യുന്നതും കൂടി നിന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായി എസ് എഫ് ഐ മലപ്പുറം ഏരിയ കമ്മിറ്റി അറിയിച്ചു.
ഇന്നലെ രാവിലെ മേല്‍മുറി 27 ല്‍ ആയിരുന്നു സംഭവം. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിഷയത്തില്‍ ഇടപെടാനെത്തിയ കോളേജിന് പുറത്തുനിന്നുള്ള മേല്‍മുറി സ്വദേശിയാണ് കത്തി വീശിയത്.