ഹൂതി വിമതരെ നേരിടാൻ സർവസന്നാഹങ്ങളുമായി അമേരിക്ക; മിസൈൽ ഡെസ്ട്രോയറും ഫൈറ്റർ ജെറ്റുകളും ഉടൻ വിന്യസിക്കും
ന്യൂഡൽഹി: ഹൂതി വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ നേരിടുന്നതിനായി യു എ എ ഇയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മിസൈൽ ഡെസ്ട്രോയറും ഫൈറ്റർ ജെറ്റുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. യു എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും അബുദാബി കിരീടാവകാശിയായ ബിൻ സെയിദ്ദ് അൽ നഹ്യാനും തമ്മിൽ നടന്ന ഫോൺ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് യു എ ഇയിലെ അമേരിക്കൻ എംബസി അറിയിച്ചു.ഇറാനിന്റെ പിന്തുണയോടെ ആക്രമണം നടത്തുന്ന യെമനിലെ ഹൂതി വിമതർ മൂന്നാമത്തെ മിസൈൽ ആക്രമണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യമാണ് ഹൂതി വിമതരെ നേരിടുന്നത്. യു എസിന്റെ ഗൈഡഡ് മിസൈൽ ഡെസ്ട്രോയർ ആയ യു എസ് എസ് കോൾ യു എ ഇയിലെ നാവികസേനയുടെ സഹകരണത്തോടെ അബുദാബിയിൽ ഒരു തുറമുഖം സജ്ജമാക്കും. ആക്രമണം നേരിടുന്നതിനായി അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള അന്താരാഷ്ട്രത്തലത്തിലെ ചർച്ചകൾ ഇടറുന്ന സാഹചര്യത്തിൽ വിമത ആക്രമണങ്ങൾ ഗൾഫിലെ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു. ഇതിന്റെ ഫലമായി ഇന്ധന വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് ഉയരുകയും ചെയ്തു.ജനുവരി 17ന് അബുദാബിയിലെ എണ്ണ കേന്ദ്രങ്ങളെയും വിമാനത്താവളത്തെയും ലക്ഷ്യമിട്ട് നടന്ന ഡ്രോൺ- മിസൈൽ ആക്രമണത്തിൽ മൂന്ന് വിദേശ തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ് യു എ ഇ സന്ദർശനത്തിന് എത്തിയ ദിവസമാണ് മൂന്നാമത്തെ മിസൈൽ ആക്രമണം ഉണ്ടാകുന്നത്. ആയുധങ്ങൾ കൊണ്ടുപോകുകയായിരുന്നു എന്നാരോപിച്ച് യു എ ഇയുടെ പതാക സ്ഥാപിച്ചിരുന്ന കപ്പൽ ജനുവരി ആദ്യം വിമതർ പിടികൂടിയിരുന്നു. 2014ൽൽ ഹൂതി വിമതർ സന പിടിച്ചടക്കിയതോടെയായിരുന്നു യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സംഘർഷങ്ങൾക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നവരായ യു എ ഇ 2019ൽ യെമനിൽ നിന്ന് പുനർവിന്യസിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. യു എ ഇയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അനേകായിരം ജനങ്ങൾ പട്ടിണിയിലാകുന്നതിന് കാരണമായിരുന്നു. ലോകത്തെ എറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്നാണ് സംഘർഷത്തെ യു എൻ അഭിസംബോധന ചെയ്തത്.