കോഴിക്കോട്: പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് സമസ്ത. മറ്റ് ഇസ്ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കില്ല.
കഴിഞ്ഞ ദിവസം ചേളാരിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമസ്തയുടെ തീരുമാനം. ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല എന്ന നിലപാടിലാണ് സമസ്ത. ഒരോ വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതി. മറ്റ് സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പലപ്പോഴും സമസ്തയ്ക്ക് ഇത്തരം കമ്മറ്റികളില്‍ ലഭിക്കുന്നില്ല എന്നതാണ് സമസ്തയുടെ വിലയിരുത്തല്‍.
കോര്‍ഡിനേഷന്‍ സമിതി യോഗങ്ങളില്‍ ചെറിയ സംഘടനകളില്‍ നിന്ന് പോലും ഒന്നില്‍ കൂടുതല്‍ പ്രതിനധികള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും വലിയ സംഘടനയായ സമസ്തയില്‍നിന്ന് പലപ്പോഴും ഒരു പ്രതിനിധിയാണ് യോഗത്തില്‍ പങ്കെടുക്കാറുള്ളത്. ഇത്തരം യോഗങ്ങളില്‍ ചെറിയ സംഘടനകള്‍ക്ക് അര്‍ഹിക്കുന്നതിലും പ്രധാന്യം ലഭിക്കുന്നതായും അത്തരം രീതികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടെന്നുമാണ് സമസ്തയുടെ വിശദീകരണം.
എന്നാല്‍ ഈയിടെയായി മുസ്ലിം കോര്‍ഡിനേഷന്‍ സമിതിയുടെ യോഗങ്ങള്‍ രാഷ്ട്രീയ യോഗങ്ങളായി മാറുന്നു എന്ന വിമര്‍ശനവും സമസ്തയ്ക്കുണ്ട്. ആ സാഹചര്യത്തിലാണ് ഒരു സ്ഥിരം കോര്‍ഡിനേഷന്‍ സമിതി വേണ്ട എന്ന് സമസ്ത വ്യക്തമാക്കുന്നത്. പി.എം.എ സലാമിനെ പോലുള്ളവര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നുമുള്ള രാഷ്ട്രീയ തീരുമാനം കൂടിയാണ് സമസ്ത ഈ നിലപാടിലൂടെ മുന്നോട്ട് വെക്കുന്നത്.