ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ പുതിയ രൂപം ആദ്യത്തേതിനേക്കാള്‍ വ്യാപനശേഷിയുള്ളതും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന. പത്ത് ആഴ്ചകള്‍ക്കു മുന്‍പ് തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവിൽ 57 രാജ്യങ്ങളിൽ വൈറസിന്റെ ഈ പുതിയ രൂപം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ഒമിക്രോണിന്റെ ആദ്യ വകഭേദങ്ങൾക്കൊപ്പമാണ് BA.2 എന്ന അപകടകരമായ ഈ വൈറസ് വ്യാപിക്കുന്നത്.
ഒമിക്രോണിന്റെ ആദ്യരൂപം നല്കുന്ന പ്രതിരോധശേഷിയെ മറികടക്കുന്നതാണിതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിലും പറയുന്നു. ഒമിക്രോണ്‍ വകഭേദം നല്കുന്ന പ്രതിരോധശേഷി വഴി കോവിഡ് വ്യാപനത്തിന് അന്ത്യമാകുമെന്ന വിലയിരുത്തലിനെ സംശയനിഴലില്‍ ആക്കുന്നതാണു പുതിയ പഠനം.
ഒമിക്രോണ്‍ വകഭേദം വഴി ലഭിക്കുന്ന പ്രതിരോധശേഷി കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ള അടുത്ത വകഭേദത്തെ തടയാന്‍ പര്യാപ്തമല്ലെന്നും ഈ സാഹചര്യത്തില്‍ കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസിനു പ്രാധാന്യം ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ടാം തലമുറ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് യു.കെയില്‍ നടത്തിയ പഠനത്തിലും കണ്ടെത്തി.
അതേസമമയം മാസ്ക് ഉൾപ്പെടെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്മാര്ക്ക് രംഗത്ത് എത്തി , നിയന്ത്രണങ്ങൾ നീക്കിയതോടെ രാത്രി വൈകിയുള്ള മദ്യവില്‍പ്പനയും പാര്‍ട്ടികളും പുനരാരംഭിച്ചു. ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഇനി ഡാനിഷ് കോവിഡ് ആപ്പിന്റെ ആവശ്യവുമില്ല.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായ ഒരു ഗുരുതര രോഗമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന് നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്ക്ക് സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ കോവിഡ് പാസ് ആപ്പ് ഇനി നിര്‍ബന്ധമില്ല. സ്വകാര്യ ചടങ്ങുകളിലെ സംഘാടകര്‍ക്ക് പ്രവേശനത്തിനുള്ള വ്യവസ്ഥയ്ക്കായി വേണമെങ്കില്‍ ഈ ആപ്പ് ഉപയോഗിക്കാം. അതേസമയം ചില ചെറിയ നിയന്ത്രണങ്ങള്‍ ഡെന്മാര്ക്കില് നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.