കെട്ടിയിട്ട് ഷോക്കടിപ്പിച്ചു, ക്രൂരമായി മർദിച്ചു; ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതിന്റെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് 17കാരൻ
ഇറ്റാനഗർ: ചൈനയിലെ സൈനികർ തട്ടിക്കൊണ്ടുപോയതിന്റെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് 17കാരൻ. ജനുവരി 18നാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) അരുണാചൽ സ്വദേശിയായ ടാരണിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ഇന്ത്യൻ സൈന്യം പിഎൽഎയുമായി ബന്ധപ്പെടുകയും തുടർന്ന് ജനുവരി 27ന് കുട്ടിയെ അവർ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.സുഹൃത്തുക്കളോടൊപ്പം ഔഷധസസ്യങ്ങൾ ശേഖരിക്കാനും വേട്ടയാടുന്നതിനായും ഇറങ്ങിയ ടാരണിനെ ഇന്ത്യ-ചൈന അതിർത്തിയിൽ വച്ചാണ് പിഎൽഎ പിടികൂടിയത്. ആ സമയത്ത് അവർ ഇന്ത്യൻ സൈനികരാണോ ചൈനക്കാരാണോ എന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ടാരൺ പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ടു. പിന്നീട് തലയിൽ തുണികൊണ്ട് മറച്ചു. തുടർന്ന് അവർ കുട്ടിയെ ചൈനീസ് സൈനിക ക്യാമ്പിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ആദ്യ ദിവസം ക്രൂരമായി മർദിച്ചതായും വൈദ്യുതാഘാതം നൽകിയെന്നും ടാരൺ പറഞ്ഞു. എന്നാൽ രണ്ടാം ദിവസം തന്നെ ഉപദ്രവിച്ചില്ലെന്നും ഭക്ഷണവും വെള്ളവും തന്നുവെന്നും കുട്ടി പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അരുണാചൽ പ്രദേശ് എംപിയും ബിജെപി നേതാവുമായ തപിർ ഗാവോ പറഞ്ഞിരുന്നു. പിന്നീട് പ്രദേശത്തെ എസ്പി എത്തി സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഔഷധസസ്യങ്ങൾ ശേഖരിക്കാൻ ഇറങ്ങിയ കുട്ടിക്ക് വഴി തെറ്റിയതാണെന്നും തിരികെ ഏൽപ്പിക്കണമെന്നും ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടത്. പിന്നീട് ചൈന കൈമാറിയ ടാരണിനെ ഇന്ത്യൻ സൈന്യമാണ് തിരികെ കുടുംബത്തെ ഏൽപ്പിച്ചത്.