ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണം; അപേക്ഷ നൽകി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ പുതിയ നീക്കവുമായി ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ആലുവ കോടതിയിലേയ്ക്ക് അയച്ച ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി നേരിട്ട് തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തലവനായ എസ് പി മോഹനചന്ദ്രൻ കോടതി ചേംമ്പറിലെത്തി അപേക്ഷ സമർപ്പിച്ചു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ രാത്രിയോടെ എത്തിച്ചിരുന്നു. മൊബൈൽ ഫോണുകൾ പരിശോധിക്കണം ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണം എന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യങ്ങളിൽ തീരുമാനം എടുക്കാതെയായിരുന്നു ആലുവ കോടതിയിലേയ്ക്ക് ഫോണുകൾ കൈമാറാൻ ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടത്.കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകൾ ഡിജിപിയ്ക്ക് നൽകുകയാണെന്ന് കോടതി കഴിഞ്ഞ ദിവസം വാദത്തിനിടെ അറിയിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഫോണുകൾ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകൾ അയക്കാമെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഈ നിർദേശം രണ്ടുകൂട്ടരും സമ്മതിച്ചു. ഫോൺ ലോക്ക് അഴിക്കുന്ന പാറ്റേൺ കോടതിക്ക് നൽകാമെന്നും ദിലീപ് അറിയിച്ചു. ഇതേത്തുടർന്ന് രജിസ്ട്രാർ ജനറൽ കഴിഞ്ഞ ദിവസം തന്നെ ഫോണുകൾ ആലുവ കോടതിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ സംഘം ഫോണുകൾ ആലുവ കോടതിയിൽ നിന്ന് കൈപ്പറ്റണം. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണോ എന്നത് ആലുവ മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.നടനെതിരെ ശക്തമായ വാദങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട ഒരു ഫോൺ ദിലീപ് തന്നിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഈ ഫോണിനെക്കുറിച്ച് അറിയില്ലെന്നാണ് നടൻ വാദിക്കുന്നത്. എന്നാൽ 2021 ഓഗസ്റ്റ് 31 വരെയും ദിലീപ് ഈ ഫോൺ ഉപയോഗിച്ചിരുന്നു. മാത്രമല്ല 2000ത്തിൽ അധികം കോളുകൾ ഈ ഫോണിൽ നിന്ന് വിളിച്ചിരുന്നതായി തെളിവുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.