കല്ലമ്പലത്ത് നടന്നത് സിനിമാ കഥയെ വെല്ലുന്ന കൊലപാതകങ്ങൾ, ഒപ്പം ഒരു ആത്മഹത്യയും, അടിമുടി ദുരൂഹത, ചുരുളഴിക്കാൻ പൊലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് അടിമുടി ദുരൂഹത ഉയർത്തി യുവാക്കളുടെ മരണങ്ങൾ. പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ആണ് ദൂരൂഹത കടുത്തത്. അജികുമാറിന്റെ മരണത്തിന് പിന്നാലെ, രണ്ട് സുഹൃത്തുക്കളും മരിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.മദ്യപാനത്തിനിടെ, സുഹൃത്തുക്കളാണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതേ തുടർന്നുള്ള തർക്കത്തിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന സജീവ് അജിത്ത് എന്നയാളെ വാഹനമിടിച്ച് കൊന്നു. മറ്റൊരു സുഹൃത്ത് ബിനുരാജ് ഇന്നലെ ബസിടിച്ച് മരിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജീവിൽ നിന്നാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.സംഭവം ഇങ്ങനെ:ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായ അജികുമാറിനെ വീട്ടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടത്തിയത്. കല്ലമ്പലത്തെ വീട്ടിൽ ഒറ്റക്കായിരുന്നു അജി കുമാറിന്റെ താമസം. അവധിക്ക് വീട്ടിൽ വരുമ്പോഴെല്ലാം സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിക്കാറുണ്ട്.അജി കുമാറിന്റെ മരണത്തിന് ശേഷവും സുഹൃത്തുക്കൾ ഒത്തുചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയിൽപ്രമോദ് എന്ന സുഹൃത്ത് കൊലപാതകത്തിന് പിന്നിൽ സജീവാണെന്ന് ആരോപിച്ചു. ഇതിന് പിന്നാലെ സജീവ് വാഹനം ഉപയോഗിച്ച് പ്രമോദിനെയും അജിത്ത് എന്ന മറ്റൊരു സഹൃത്തിനെയും ഇടിച്ചിട്ടു. അജിത്ത് മരിച്ചു. പ്രമോദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.ഇതിനിടെ ബിനുരാജ് ബസിന് മുമ്പിലേക്ക് ചാടി ആത്മഹത്യ ചെയ്തു. അജികുമാറിനെ കൊല്ലുമെന്ന് ബിനുരാജ് പലരോടും പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപ സംഘത്തിലെ ഇരുപതിലേറെ പേരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരെ പിടികൂടുന്നതോടെ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.