ന്യൂദൽഹി :പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ ഇന്ന് വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. പൊലീസ് നരനായാട്ടിനെതിരെ ഷര്ട്ടൂരിയെറിഞ്ഞാണ് പ്രതിഷേധിക്കുന്നത്. ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുകയാണ്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാൻ എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സർവകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
രാത്രി വൈകിയും പൊലീസ് നടപടി തുടർന്നു സർവ്വകലാശാല പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാർഥികൾ പൊലീസിനെ ഭയന്ന് മണിക്കൂറുകളോളം കാമ്പസിനകത്ത് കുടുങ്ങിക്കിടന്നു. സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടി വേദനിപ്പിക്കുന്നതാണെന്ന് ജാമിഅ മില്ലിയ വി.സി നജ്മ അക്തർ പറഞ്ഞു. താൻ വിദ്യാർത്ഥികളോടൊപ്പമാണെന്നും വി.സി പറഞ്ഞു. അതിനിടെ ജാമിഅയിലെ പൊലീസ് അതിക്രമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയെത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ പരാതി കമ്മീഷന് ഫയലില്‍ സ്വീകരിച്ചു.