പാമ്പിനെ പിടിക്കണോ? എങ്കിൽ സർപ്പ ആപ് സഹായിക്കും, നൽകേണ്ടത് പാമ്പിന്റെ ഫോട്ടോയും സ്ഥലവും മാത്രം
കോട്ടയം: ചൂട് കൂടി വരുന്ന സമയമായതിനാൽ പാമ്പുകളുടെ ശല്യവും ഏറുകയാണ്. തണുപ്പും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ് ജനവാസ മേഖലയിലേക്ക് വിഷപ്പാമ്പുകളെ എത്തിക്കുന്നത്.ജില്ലയിൽ പാമ്പിനെ പിടിക്കുന്നതിനായി 43 സ്നേക്ക് റെസ്ക്യൂവർമാരുണ്ട്. സർപ്പ ആപ് മുഖേന ഇവരെ ബന്ധപ്പെടാം. അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെയുള്ള അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ 2021 ജനുവരിയിൽ പ്രത്യേക പരിശീലനം നൽകി റെസ്ക്യൂവർമാരെ രംഗത്തിറക്കിയത്. സർപ്പ ആപ് പ്രവർത്തനംസർപ്പ എന്ന ആപ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് അതിലൂടെ പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം കൈമാറണം. സന്ദേശം ലഭിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്ക്യൂവർ സ്ഥലത്തെത്തുക. ജില്ല കോ ഓർഡിനേറ്ററും ഫോറസ്റ്റ് വാച്ചറുമായ അബീഷിന്റെ നേതൃത്വത്തിൽ 43 ലൈസൻസ്ഡ് റെസ്ക്യൂവർമാർ നിലവിലുണ്ട്. ഇതിൽ 24 പേർ പൊതുജനങ്ങളാണ്. അരിപ്പാ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ ആണ് പരിശീലന വിഭാഗത്തിന്റെ സംസ്ഥാന നോഡൽ ഓഫീസർ. സംസ്ഥാനമൊട്ടാകെ 925 ഓളം റെസ്ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്.