മോഷണത്തിൽ സൂപ്പർ ഹൈടെക്കായി നാടോടി സ്ത്രീകൾ, ഓപ്പറേഷനെത്തുക രണ്ട് ചുരിദാർ ധരിച്ച്, പൊലീസിനെ പറ്റിക്കാൻ സിനിമാ സ്റ്റൈൽ നമ്പരുകളും
കൊല്ലം: മോഷണവും പിടിച്ചുപറിയുമായി നാടോടികൾ വീണ്ടും സജീവം. ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള മറ്റിടങ്ങളിലും ബസുകൾക്കുള്ളിലുമൊക്കെയായി മാല പൊട്ടിയ്ക്കലും പേഴ്സ് കവരുന്നതും പതിവായി .കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വീട്ടമ്മയുടെ പണമടങ്ങിയ പേഴ്സ് കവർന്ന രണ്ട് നാടോടി യുവതികളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളായ ശെൽവി(32), പ്രിയ(30) എന്നിവരെയാണ് പിടികൂടിയത്. നെടുവത്തൂർ കിള്ളൂർ സ്വദേശി റോസമ്മയുടെ പേഴ്സാണ് ഇവർ ബസിനുള്ളിൽ വച്ച് അപഹരിച്ചത്. സ്റ്റാൻഡിൽവച്ച് രണ്ട് യുവതികൾ ബസിൽനിന്ന് ഇറങ്ങിയോടുന്നത് മറ്റ് യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പിങ്ക് പൊലീസും യാത്രക്കാരും നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ബസിൽ നിന്ന് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ മുപ്പതിൽപരം മാലപൊട്ടിയ്ക്കലും പേഴ്സ് അപഹരിച്ചതുമായ പരാതികൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട്. പരാതികൾ വാങ്ങിവയ്ക്കുന്നതല്ലാതെ തുടർ അന്വേഷണത്തിന് പൊലീസ് മുതിരാറില്ല. പരാതി വാങ്ങിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാറുപോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്റ്റൈൽ മാറ്റിപഴയപോലെ മുഷിഞ്ഞ വേഷത്തിലല്ല നാടോടികളെത്തുന്നത്. ചുരിദാറോ സാരിയോ ധരിച്ച് മാന്യമായ വേഷത്തിലെത്തുന്ന സ്ത്രീകളെ ആരും സംശയിക്കില്ല. ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടൻ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളിൽ ധരിച്ച ചുരിദാർ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ കണ്ടെത്താനുമാകില്ല. നിമിഷനേരംകൊണ്ട് മാല പൊട്ടിയ്ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാല പൊട്ടിയ്ക്കുമ്പോൾ ശരീരത്ത് സ്പർശിക്കുകപോലും ഇല്ല. ഒന്നിലധികം പേരാണ് ഒരു ബസിൽ കയറുക. ചെറിയ കുട്ടികളും സംഘത്തിലുണ്ടാകും. മൊബൈൽ ഫോണും ഹൈടെക് ബാഗുമൊക്കെ നാടോടികളുടെ കൈയിലുമുണ്ടാകും. ഇതൊക്കെ യാത്രക്കാരുടെ കണ്ണിൽ പൊടിയിടാനാണ്. കൈക്കുഞ്ഞുങ്ങളുമായി വെള്ളം തേടിയും അന്നം തേടിയുമാണ് മറ്റൊരു കൂട്ടർ വീടുകളിലെത്തുക. സാഹചര്യവും പരിസരവും വീക്ഷിച്ച ശേഷം പിന്നീടെത്തി മോഷണം നടത്തുന്നവരുമുണ്ട്. ആക്രി പെറുക്കാനെന്ന നിലയിൽ അടച്ചിട്ട ഗേറ്റുകൾ തുറന്ന് ,ആളില്ലെങ്കിൽ മോഷണം നടത്തുന്നതാണ് രീതി.