പ്രതിസന്ധി ഘട്ടത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ബഡ്ജറ്റ്, വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിന് എതിരെ രൂക്ഷ വമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ.ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു.ബഡ്ജറ്റിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടിയില്ല. കാർഷിക മേഖലക്ക് നീക്കിവച്ച തുക കഴിഞ്ഞ ബഡ്ജറ്റിനെക്കാൾ കുറവാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 39000 കോടി രൂപയാണ് വാക്സിനായി മാറ്റിവച്ചത്. എന്നാൽ ഈ ബഡ്ജറ്റിൽ അത് 5000 കോടിയായി കുറച്ചു. വാക്സിൻ എല്ലാവരിലും എത്തിയിട്ടില്ല. രണ്ടാമാത്തെ ഡോസ് നടന്ന് കൊണ്ടിരിക്കുകയാണ്. ബൂസ്റ്റർ ഡോഡ് ഉൾപ്പെടെ കൊടുക്കേണ്ട സാഹചര്യത്തിലാണ് ഇത്തരത്തിൽ മാറ്റിവച്ച തുകയിൽ കുറവ് വന്നതെന്നും അദ്ദേഹം വിമർശിച്ചു.യുവാക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഒരു പ്രാധാന്യവും നൽകാത്ത ബഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഇതൊരു സീറോ സം ബഡ്ജറ്റാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. തൊഴിലില്ലായ്മ തകർത്ത സാധാരണക്കാർക്ക് ബഡ്ജറ്റിൽ ഒന്നുമില്ലെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയത്. പെഗാസസിലൂടെ കറങ്ങുന്ന ബഡ്ജറ്റ് എന്നാണ് മമത ബാനർജി വിമർശിച്ചത്.