വധ ഗൂഢാലോചന കേസ്; കൊച്ചിയിലെ ഫ്ളാറ്റിൽ പരിശോധന, തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചിയിലെ ഫ്ളാറ്റിൽ പരിശോധന. എംജി റോഡിലെ ദിലീപിന്റെ ഫ്ളാറ്റിൽ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഉടൻ ഹൈക്കോടതി പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വ്യക്തമായ തെളിവുകളുണ്ടെന്നും ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇന്നലെ ഹാജരാക്കിയ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിലും ഇന്ന് കോടതി തീരുമാനം അറിയിച്ചേക്കും.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി നിർദേശം നൽകി. ആറ് മാസം കൂടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. മാർച്ച് ഒന്നിന് മുൻപ് അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി.