മുൻ ഐ പി എസ് ഓഫീസറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടികളുടെ കണക്കിൽപ്പെടാത്ത പണം; തിരഞ്ഞെടുപ്പിൽ ഹവാല ഇടപാട് നടക്കുന്നതായി സംശയം
നോയിഡ: മുൻ ഐ പി എസ് ഉദ്യോഗസ്ഥന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. പരിശോധന സർവേ ഓപ്പറേഷൻ ആണെന്നാണ് ഉദ്യോഗസ്ഥർ തുടക്കത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.2000ത്തിന്റെയും 500ന്റെയും നോട്ടുകളാണ് പരിശോധനയിൽ കണ്ടെടുത്തത്. വീടിന്റെ ബേസ്മെന്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 650 ലോക്കറുകളുള്ള ബേസ്മെന്റിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു ഇയാൾ എന്നാണ് വിവരം. സംഭവത്തിന് ബിനാമി ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായി ഐ പി എസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും സൂചനകളുണ്ട്.ഞായറാഴ്ച വൈകിട്ടോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നോയിഡയിലെ സെക്ടർ 50ൽ എത്തിയത്. ഇന്ന് രാവിലെ ഉത്തർപ്രദേശിലെ വാരണാസിയിലും ജാൻപൂരിലുമായി പത്ത് സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. നിരവധി ജ്വല്ലറി ഉടമകളുമായി ബന്ധപ്പെട്ട് റെയിഡ് നടന്നതായി വിവരമുണ്ട്. ഒരു ഡസനോളം ടീമുകൾ രൂപീകരിച്ചാണ് പരിശോധനകൾ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ജ്വല്ലറി ഉടമകൾ ഹവാല പണം ഇടപാടുകൾ നടത്തുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സംശയാസ്പദമായ ചില ഇടപാടുകൾ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില ജ്വല്ലറി ഉടമകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കിയതായാണ് വിവരം.നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് ഹവാല പണം ലഭ്യമാക്കുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണത്തിനായി ഈ തുക ഉപയോഗിക്കുമെന്നും സംശയിക്കുന്നു.