വാവ സുരേഷിന് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റത്, നിലവിൽ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി
കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്തെന്ന് മന്ത്രി വി എൻ വാസവൻ. കൈകാലുകൾ അനങ്ങി തുടങ്ങിയിട്ടുണ്ടെന്നും, വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽവച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ നൽകുന്നുണ്ട്. ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ടെന്നും, ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിട്ടുണ്ട്. ‘ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയറിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലവിൽ വെന്റിലേറ്ററിലാണ്. എന്നാൽ പതിനെട്ട് മണിക്കൂർ പിന്നിടുമ്പോൾ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി.’ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.