ബഡ്ജറ്റിൽ ഗതാഗത മേഖലയ്ക്ക് വൻ ആനുകൂല്യങ്ങൾ ; 400 പുതിയ തീവണ്ടികൾ, വൈദ്യുത വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കും
ന്യൂഡൽഹി: 2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള പൊതുബഡ്ജറ്റ് അവതരണത്തിൽ ഗതാഗത മേഖലയ്ക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നും 2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 100പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമാണത്തിനായി നൂതന മാർഗങ്ങൾ നടപ്പിലാക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കും ഗ്രീൻ വാഹനങ്ങൾക്കും കൂടുതൽ പ്രോത്സാഹനം നൽകുമെന്നും വൈദ്യുത വാഹനങ്ങൾക്കായി ബാറ്ററി കൈമാറ്റ സംവിധാനം പുറത്തിറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും ‘കവച്’ എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ് നിർമിക്കുമെന്നും മലയോരഗതാഗതത്തിനും പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.