പാകിസ്ഥാനിൽ വൻ സാമ്പത്തിക പ്രതിസന്ധി, ലോക രാജ്യങ്ങൾക്ക് മുന്നിൽ വായ്പയ്ക്കായി കൈകൂപ്പി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് വായ്പ എടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ. ചൈന, റഷ്യ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പാകിസ്ഥാൻ വായ്പ തേടുന്നത്.
ചൈനയിൽ നിന്ന് പാകിസ്ഥാൻ വായ്പ തേടുന്നത് വിദേശ നാണയ ശേഖരം സ്ഥിരപ്പെടുത്താനാണ്. മൂന്ന് ബില്ല്യൺ ഡോളറിന്റെ വായ്പയാണ് ചൈനയോട് പാകിസ്ഥാൻ ആവശ്യപ്പെടുന്നതെന്ന റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ ചൈനയിലേക്ക് പോകും. സന്ദർശന വേളയിൽ ചൈനയുമായി മൂന്ന് ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഇമ്രാൻ ഖാൻ ഒപ്പിടും. ഒരു വർഷത്തെ കാലാവധിയിലാണ് കരാർ. കൂടാതെ വിന്റർ ഒളിമ്പിക്സ്, സുരക്ഷാ വിഷയങ്ങൾ എന്നിവയും ചർച്ചചെയ്യും.കസാക്കിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് വായ്പ തേടുന്നതുമായി ബന്ധപ്പെട്ട കരാറിലും പാകിസ്ഥാൻ ഉടൻ ഒപ്പിടും. ഇരു രാജ്യങ്ങളിൽ നിന്നും ഒരു ബില്ല്യൺ ഡോളർ വീതമാണ് പാകിസ്ഥാൻ വായ്പ എടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായ മെയിൻ ലൈൻ വൺ (എംഎൽ 1) റെയിൽവേ പദ്ധതിക്കായിയാണ് ഈ പണം ഉപയോഗിക്കുക. അതേസമയം വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പാകിസ്ഥാൻ സാമ്പത്തിക കാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.