വരുമാനം വർദ്ധിപ്പിക്കാൻ വൻ മാറ്റവുമായി യു എ ഇ, കോർപ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രാലയം
ദുബായ്: രാജ്യത്ത് 2023 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നയം അവതരിപ്പിക്കുമെന്ന് യു എ ഇ. ബിസിനസ് ലാഭത്തിന് മുകളിൽ ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി ചുമത്താനാണ് രാജ്യം ഒരുങ്ങുന്നത്.’കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്നതോടെ നികുതിനയം കൂടുതൽ സുതാര്യമാകും. തെറ്റായ നികുതി സമ്പ്രദായങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റമെന്നും’ യു എ ഇ ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു.അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ കോര്‍പ്പറേറ്റ് നികുതി ബിസിനസുകള്‍ക്ക് ബാധകമാകും. 375000 ദിർഹത്തിന് മുകളിൽ ലാഭം ലഭിക്കുന്ന ബിസിനസുകാർക്കാണ് നികുതി ബാധകമാകുക. എന്നാൽ വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. ആഗോള വിപണിയുമായി അടുക്കുന്നതിനായി വെള്ളി-ശനി വാരാന്ത്യ അവധികള്‍ ശനി-ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു.അതേസമയം റിയല്‍ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾക്ക് വ്യക്തിഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന നടപടി ഉടൻ ഉണ്ടാകില്ലെന്ന് യു എ ഇ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാന വരുമാനം എണ്ണ കയറ്റുമതി ആണെങ്കിലും വ്യാപാരം, ടൂറിസം, ഗതാഗതം എന്നിവയുടെ വികസനത്തിന് രാജ്യം ഇപ്പോൾ കൂടുതൽ പ്രധാന്യം കൊടുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ അയല്‍രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് വർദ്ധിച്ചുവരുന്ന മത്സരമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം. വിദേശ ബിസിനസുകാരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള നടപടികളും രാജ്യം ആരംഭിച്ചിട്ടുണ്ട്.