ദീലിപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹത, മരിക്കുന്നതിന് മുൻപ് നടനെ കാണാൻ പോയി? പരാതിയുമായി കുടുംബം
കൊച്ചി: നടൻ ദീലിപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹത. പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അങ്കമാലി പൊലീസിൽ പരാതി നൽകി. 2020 ഓഗസ്റ്റിലാണ് തൃശൂർ സ്വദേശിയായ സലീഷ് റോഡപകടത്തിൽ മരിച്ചത്.കാർ റോഡരികിലെ തൂണിലിടിച്ചായിരുന്നു സലീഷ് മരിച്ചത്. യുവാവ് കൊച്ചിയിൽ മൊബൈയിൽ സർവീസ് കട നടത്തിയിരുന്നു. സലീഷായിരുന്നു ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത്. മരിക്കുന്നതിന് മുൻപ് യുവാവ് ദിലീപിനെ കാണാൻ പോയതായി ആരോപണമുണ്ട്.സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സോഷ്യൽ മീഡിയയിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.സലീഷിന് ദിലീപുമായി അടുത്ത ബന്ധമായിരുന്നു .’വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ അടക്കമുള്ള ചില സിനിമകളിലും യുവാവ് അഭിനയിച്ചിട്ടുണ്ട്. സലീഷിന്റെ കുടുംബം നൽകിയ പരാതി ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയേക്കും.